വികസനത്തിന്റെ നാൾവഴികൾ... തിരുവിതാംകൂർ-കൊച്ചി-മലബാർ സംയോജനത്തെ തുടർന്ന് കേരള സംസ്ഥാനം രൂപീകൃതമായ കാലം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഉദ്യോഗം ലഭിച്ച് സെക്രട്ടറിയേറ്റിൽ എത്തി. അറുപതുകളിലും, എഴുപതുകളിലും ആയി വളരെയേറെ ആൾക്കാർ പിന്നെയും വന്നു. തിരുവനന്തപുരത്ത് സ്ഥിരതാവളം ഉറപ്പിക്കേണ്ട സെക്രട്ടേറിയറ്റ് ജീവനക്കാരന് സ്വന്തമായി ഒരു പാർപ്പിടം എന്ന സ്വപ്നം അക്കാലത്ത് ഒരു കീറാമുട്ടിയായിരുന്നു. പണത്തിന്റെ ദൗർലഭ്യവും, കൂട്ടായ്മയുടെ അഭാവവും, ജീവിതസാഹചര്യങ്ങളുടെ പരിമിതിയും കൊണ്ട് സ്വന്തമായി ഒരു പാർപ്പിടം, പലർക്കും സ്വപ്നമായിത്തന്നെ അവശേഷിച്ചു. എഴുപതുകളുടെ ഉത്തരാർദ്ധത്തിൽ പാർപ്പിട പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഊർജ്ജസ്വലരും, ഭാവനാസമ്പന്നരുമായ ഒരുകൂട്ടം ജീവനക്കാർ മുന്നിട്ടിറങ്ങുകയും അത് ഹൗസിംഗ് സൊസൈറ്റി എന്ന ആശയത്തിന് ബീജാവാപമായിത്തീരുകയും ചെയ്തു.